Kerala
കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല് അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന് ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
വാക്ക് പാലിച്ചില്ല
21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന് ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.
നികുതിയോടു നികുതി
ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന് ചൂണ്ടിക്കാട്ടി.
Kerala
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനകൾ കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും അവഹേളിക്കുന്നതാണെന്നും, കേവലം ഖേദപ്രകടനത്തിലൂടെ ഈ വിഷയം അവസാനിപ്പിക്കാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രിയിൽ നിന്ന് ഉണ്ടായ ഇത്തരം പരാമർശങ്ങൾ അതീവ ഉത്തരവാദിത്വരഹിതമാണ്.
തെരഞ്ഞെടുപ്പ് ഫലങ്ങളെ മതാടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന സഹവർത്തിത്വത്തെയും മതേതരത്വത്തെയും തകർക്കാനുള്ള ശ്രമമാണ്.
ഇത് ജനങ്ങളെ തമ്മിൽ അകറ്റാൻ മാത്രമേ ഉപകരിക്കൂ. ഭരണഘടനയോടും ജനാധിപത്യത്തോടും പ്രതിബദ്ധത പുലർത്തേണ്ട മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്ക്ക് കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കപ്പെടണമെന്നും സർക്കാരിന്റെ നിലപാട് എന്താണെന്ന് പൊതുസമൂഹത്തിന് വ്യക്തമാക്കേണ്ടതുണ്ടന്നും വാക്കുകൾ ഉപയോഗിക്കുന്നതിൽ പുലർത്തേണ്ട സൂക്ഷ്മത ലംഘിക്കപ്പെട്ടുവെന്നും, ഇതു സർക്കാരിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്നും എംപി പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരേ കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങലയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.
മന്ത്രി സജി ചെറിയാന് മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസില്ല. മന്ത്രി സജി ചെറിയാന് ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്. പ്രസ്താവന പിൻവലിച്ച് അദ്ദേഹം വാർത്താക്കുറിപ്പ് പുറത്തിറക്കി. പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ചാണ് നടപടി.
ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ തന്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളെന്നാണ് അദ്ദേഹം വാർത്താക്കുറിപ്പിൽ പറയുന്നത്.
തന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും തന്റെ പൊതുജീവിതം ഒരു വർഗീയതയോടും സമരസപ്പെട്ടല്ല കടന്നുപോയതെന്നും സജി ചെറിയാൻ പറയുന്നു.
താൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും താൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സമസ്തയും ഇന്ത്യന്‍ നാഷണല്‍ ലീഗും സജിയുടെ പ്രസ്താവനക്കെതിരേ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തു നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സജി ചെറിയാന് പ്രസ്താവന തിരുത്തിയത്.
സജി ചെറിയാന്റെ പത്രക്കുറിപ്പ് ഇങ്ങനെ:
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എന്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.
മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം ഒരു വർഗീയതയോടും സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്കു പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ പ്രയാസമോ ആർക്കെങ്കിലും വേദനയോ മനസിലാക്കാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു.
Kerala
മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സമസ്ത രംഗത്ത്. പാണക്കാട് നടന്ന എസ്വൈഎസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ സമസ്ത പ്രമേയം പാസാക്കി.
ഇത്തരം പ്രസ്താവനകൾ നടത്തുന്ന സജി ചെറിയാന് മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും പ്രമേയത്തിൽ വിമർശനം ഉയർന്നു. മന്ത്രിയുടെ പ്രസ്താവനകൾ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശക്തികളുടെ ശബ്ദമാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. അതേസമയം പിഡിപിയും സജി ചെറിയാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സജി ചെറിയാന്റെ വർഗീയ പരാമർശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ആവശ്യപ്പെട്ടു.
മലപ്പുറത്തെയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും ജയിച്ചുവന്നവരെ നോക്കിയാൽ വർഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മതനിരപേക്ഷ കേരളത്തിൽ ഒരു ഇടതുപക്ഷ പ്രവർത്തകനിൽനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
സജി ചെറിയാൻ പറഞ്ഞത് ശരിയായ കാര്യമാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെതെന്നും ശിവൻകുട്ടി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
ആലപ്പുഴ: മത തീവ്രവാദികൾ പോലും പറയാത്ത രീതിയിലുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
"സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രസ്താവന ഇത് മുൻപ് കേട്ടിട്ടില്ല. ജാതി തിരിച്ച് അല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഹിന്ദു സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. തിരിച്ചും അങ്ങനെത്തന്നെയാണ്. കേരളത്തിലെ ജനങ്ങൾ ജാതിയൊന്നും നോക്കാറില്ല.'-വേണുഗോപാൽ പറഞ്ഞു.
"പത്ത് വോട്ടിന് വേണ്ടി വർഗീത പറയുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മത വിഭാഗങ്ങളെ തമ്മിലടിച്ച് ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ശരിക്ക് പറഞ്ഞാൽ പിണറായിക്ക് പഠിക്കുകയാണ് സജി ചെറിയാൻ. മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ. സംസ്കാരിക മന്ത്രി തന്നെ തരം താണ രീതിയിൽ പ്രസ്താവന നടത്തുന്നത് കേരള സമൂഹം പൊറുക്കില്ല.'-വേണുഗോപാൽ കുറ്റപ്പെടുത്തി.
Kerala
കൊച്ചി:വർഗീയത ആര് പറഞ്ഞാലും സിപിഎം യോജിക്കില്ലെന്നും ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ തിങ്കളാഴ്ച എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല. സിപിഎമ്മിനെ കടന്ന് ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വര്‍ഗീയ വിരുദ്ധതയാണ് സിപിഎമ്മിന്റെ മുഖമുദ്ര. ഇന്ത്യയിൽ ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ പ്രസ്ഥാനമായി നിലകൊള്ളുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് വര്‍ഗീയ ശക്തികളുമായി ചേരുന്നവരാണെന്നും അവരാണിപ്പോള്‍ സിപിഎമ്മിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു മടിയുമില്ല വി.ഡി. സതീശനെന്നും എന്നിട്ടാണ് സിപിഎമ്മിനെതിരെ തിരിയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന ആളാണ് സതീശനെനും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Kerala
തൃശൂർ: വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ പൂർണമായി തള്ളാതെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സജി ചെറിയാൻ അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യത കുറവാണെന്നും വാർത്തകൾ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും സജി ചെറിയാന്റെ ഭാഗംകൂടി കേട്ടശേഷം വിഷയം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വർഗീയതയെ പ്രോത്സാഹിപ്പിച്ച് വോട്ടുപിടിക്കുന്ന നയം ഇടതുപക്ഷത്തിനില്ല. ഒരു പഞ്ചായത്തോ കോർപറേഷനോ കിട്ടാൻവേണ്ടി നിലവിലെ നയങ്ങളിൽ മാറ്റംവരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ മന്ത്രി കടുത്ത വിമർശനമുന്നയിച്ചു. ഒരുവശത്ത് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയും മറുവശത്ത് ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നവർ വർഗീയതയ്ക്ക് എതിരാണെന്നു പറയുന്നതു ജനം വിശ്വസിക്കില്ല.
എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകൾക്കു മഹത്തായ പാരമ്പര്യമുണ്ടെന്നും സാമുദായിക സംഘടനകളെ രാഷ്ട്രീയനേതാക്കൾ ഭീഷണിപ്പെടുത്തുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻതന്നെ എൽഡിഎഫിനെ നയിക്കും. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിലോ മുന്നണിയിലോ യാതൊരു തർക്കവുമില്ല. 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും. പ്രകടനപത്രികയിലെ 98 ശതമാനം കാര്യങ്ങളും നടപ്പാക്കിയ സർക്കാരിനെ ജനങ്ങൾ വീണ്ടും തുണയ്ക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. വര്‍ഗീയ ധ്രുവീകരണം ലീഗിന്റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
"തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്. അവരുടെ പേരുകൾ നോക്കിയാൽ മനസിലാകും ഏതൊക്കെ വിഭാഗത്തിൽ നിന്ന് ആളുകൾ ഉണ്ടെന്നത്. എല്ലാ മത വിഭാഗതിൽ പെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്.'-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഈഴവ, നായർ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിച്ച് വോട്ട് ചെയ്യാൻ ജനങ്ങൾക്കറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ മുന്നണികൾക്ക് അങ്കലാപ്പാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മന്ത്രി സജി ചെറിയാന്റെ മോഹം നടക്കില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. രണ്ട് ഹിന്ദു വോട്ട് കിട്ടാനാണ് സജി ചെറിയാന്റെ പരിശ്രമം. എന്നാൽ "അത് നടപ്പില്ല മോനേ സജി ചെറിയാനേ' എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമുദായങ്ങളുടെ പേരിൽ വോട്ട് കച്ചവടം നടത്തുന്ന രീതിക്ക് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി : മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള സിപിഎം നേതാക്കളെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ്. ആദ്യം ബാലനും ഇപ്പോൾ സജി ചെറിയാനും വിവാദ പ്രസ്താവനകൾ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പറയുന്നത്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കും.
സതീശനും പിണറായിയും നാളെ ഓർമയാകും. എന്നാൽ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റെത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വര്‍ഗീയത ആര് പറഞ്ഞാലും എതിര്‍ക്കും. വ്യക്തിപരമായും രാഷ്ട്രീയ ജീവിതത്തില്‍ എന്ത് നഷ്ടം വന്നാലും ഈ നിലപാടില്‍ മാറ്റമില്ല. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കും.
അല്ലാതെ വെറുതേ പോകില്ല. താൻ പറഞ്ഞിരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും സതീശൻ പറഞ്ഞു.
Kerala
കൊച്ചി: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തെ എന്തിന് എതിര്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണമെന്നതാണ് തന്റെ അഭിപ്രായം. പ്രതിപക്ഷനേതാവിനെ സമുദായ നേതാക്കൾ എന്തിന് എതിക്കുന്നുവെന്ന് അവരോട് ചോദിക്കണം.
യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ് ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. വര്‍ഗീയ ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുകയാണ്.
മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു. അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെയും മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനകള്‍ പുരോഗമന കേരളത്തിന് ഗുണകരമാണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് യാഥാർഥ്യമാണ്. മുസ്ലിം മേഖലയിൽ ലീഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സജി ചെറിയാൻ വിശദീകരിച്ചു.
ആർഎസ്എസ് ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് രണ്ടു സീറ്റ് ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ എൽഡിഎഫിന്റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ നിയമ നടപടിയുമായി യൂത്ത്കോൺഗ്രസ്. കാസർഗോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസിലാക്കാമെന്ന് മന്ത്രി പറഞ്ഞത് വിവാദമായിരുന്നു.
മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണ്. പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും യൂത്ത്കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നും സജി ചെറിയാൻ പറഞ്ഞു.
മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാൽ മതി. മുസ്ലീം ലീഗ് ഉയർത്തുന്ന ധ്രുവീകരണം ആർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഎസ്എസ്-എസ്എൻഡിപി സഹകരണം സിപിഎം സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഭാഗമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. അസുഖമായി കിടന്നപ്പോഴാണ് എൻഎസ്എസ് ജനറൻ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ പോയതെന്ന് സതീശൻ പറഞ്ഞ വേദി ഉചിതമായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തി കൈയടി നേടാനാണ് സതീശൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
District News
മാന്നാർ: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടമ്പേരൂർ വൈഎംസിഎയുടെ പുതുവത്സരാഘോഷങ്ങളും മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹ്യബന്ധങ്ങൾ കൂടി വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മാത്യു ജി. മനോജ് അധ്യക്ഷനായിരുന്നു. മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന വികാരി ജനറൽ ഫാ. ജോബ് കല്ലുവിളയിൽ മുഖ്യസന്ദേശം നൽകി. റീജണൽ വൈസ് ചെയർമാൻ അഡ്വ. ജയൻ മാത്യു മെറിറ്റ് അവാർഡും ചിത്ര രചനാമത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തോമസ് ചാക്കോ, തോമസ് ജോൺ, ചാക്കോ ഉമ്മൻ, ജോജി ജോർജ്, ഫിലിപ്പ് പി. ജോസ്, തോമസ് കോവിലകം, ഷാരോൺ പി. കുര്യൻ, പി.എ. ഗീവർഗീസ്, വി.ജെ. രാജു, ഡോ. അപർണ ആൻ മാത്യു എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച പ്രായപരിധി നിബന്ധന കാറ്റിൽപറത്തി ഷെയ്ക് പരീതിന് വീണ്ടും കാലാവധി നീട്ടിനൽകി. തീരദേശ വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടരുന്നതിനാണ് കാലാവധി നീട്ടിനൽകിയത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ തുടരുന്നതിന് 65 വയസാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. എന്നാൽ ഷെയ്ക് പരീതിന് നിലവിൽ 67 വയസാണ് പ്രായം.
ഷെയ്ക് പരീതിന്റെ തന്നെ ആവശ്യപ്രകാരമാണ് സർക്കാർ കാലാവധി നീട്ടിയത്. തീരദേശ വികസന കോർപറേഷൻ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും, താൻ എംഡി സ്ഥാനത്ത് നിന്ന് മാറിയാൽ പദ്ധതികൾ തടസപ്പെടുമെന്നും കാട്ടി പരീത് മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു.
ഇതേ തുടർന്നാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഷെയ്ക് പരീതിന് കാലാവധി നീട്ടിനൽകിയത്. ഒരു വർഷത്തേക്കാണ് നിലവിൽ കാലാവധി നീട്ടിയിരിക്കുന്നത്. ഡിസംബർ 19ന് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
Kerala
ആലപ്പുഴ: ശ്രീനിവാസനെ അനുശോചിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
"നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥിപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല.'-സജി ചെറിയാൻ കുറിച്ചു.
"മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. 'നാടോടിക്കാറ്റ്', 'വരവേൽപ്പ്', 'മിഥുനം', 'പട്ടണപ്രവേശം' തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകൻ എന്ന നിലയിൽ 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.'-മന്ത്രി കുറിച്ചു.
"ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.
ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു ശ്രീനിവാസൻ.'-സജി ചെറിയാൻ അനുസ്മരിച്ചു.
"ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ ആദരവോടെ ഞാനും പങ്കുചേരുന്നു.'-സജി ചെറിയാൻ കുറിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. യാത്രയ്ക്കിടെ ഇന്നോവ കാറിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.
തിരുവനന്തപുരം വാമനപുരത്തുവച്ചായിരുന്നു അപകടം. മന്ത്രിയും വാഹനത്തിലുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ എംസി റോഡില്‍ വച്ച് ഇന്നോവയുടെ പിന്‍വശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.
വാഹനത്തിന് വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് വാമനപുരം എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.
Kerala
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
"ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചു. പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ല.'- മന്ത്രി സജി ചെറിയാൻ പറഞ്ഞു
എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
"യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയത ആയിരുന്നു പ്രചരണം. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയിൽ തിരിച്ചടി ഉണ്ടായിട്ടില്ല.'-സജി ചെറിയാൻ പറഞ്ഞു.
കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണെന്നും തിരിച്ചടി പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി, എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
District News
ചേര്‍ത്തല: കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യ കൊണ്ടുവരാനായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തു വരുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബറിന്റെ മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമാണ് യാഥാർഥ്യമാകാൻ പോകുന്നത്. 2027 സെപ്റ്റംബറിൽ ഹാർബർ നാടിന് സമർപ്പിക്കും. വലിയ കടൽത്തീരമുള്ള ആലപ്പുഴയ്ക്ക് ഹാർബറുകൾ കുറവാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ നാല് ഹാർബറുകളാണ് അനുവദിച്ചത്.
മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽനിന്നും സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണിതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഫ്ലാഗ് ഓഫ് കർമം മന്ത്രി സജി ചെറിയാനും മന്ത്രി പി. പ്രസാദും ചേർന്നു നിർവഹിച്ചു.
ഹാർബർ എന്‍ജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ ഇൻ ചാർജ് വി.കെ. ലോട്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, അർത്തുങ്കൽ ബസലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍, മത്സ്യ ബോർഡ് അംഗം ടി.എസ്. രാജേഷ്, തീരദേശ വികസന കോർപറേഷൻ മെംബർ പി.ഐ. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇതിനു മറുപടിയായിട്ടാണ് ഫേയ്സ്ബുക്കിലൂടെ വിനയൻ രംഗത്തെത്തിയത്. 2022 ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ സിനമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു. ഇത് വെളിപ്പെടുത്തിയത് ജൂറി അംഗങ്ങൾ തന്നെയാണ്.
അന്നത്തെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും അക്കാര്യം പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയായിലുണ്ട്. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം.
സ്വജനപക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ലെന്നും വിനയൻ പറഞ്ഞു.
Movies
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നും കൈയടി മാത്രമേയുള്ളൂവെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. നാലു സിനിമകള്‍ ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. ക്രിയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പാകത്തിലേക്ക് സൃഷ്ടിപരമായ നിലവാരം ഇവയ്ക്കില്ലെന്ന് ജൂറി അഭിപ്രായപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പരിഗണനയ്ക്ക് വന്നത് അവാര്‍ഡ് നല്കാന് കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതില്‍ അവര്‍ സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
നൂറുകണക്കിന് സിനിമയാണ് കേരളത്തില്‍ പിറക്കുന്നത്. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടിയത് കേരളത്തില്‍ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാന്തരം സിനിമയാണ്, പക്ഷേ എത്രപേര്‍ കണ്ടു. പ്രശ്നം ഗൗരമായി കാണുന്നുണ്ട്. ആളുകള്‍ക്ക് താത്പര്യമുള്ള സിനിമകള്‍ വരണം. എന്നാല്‍, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേടന് പോലും പുരസ്കാരം നൽകിയെന്ന പരാമർശത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
Kerala
കോഴിക്കോട്: അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നും കൈയടി മാത്രമേയുള്ളൂവെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. നാലു സിനിമകള്‍ ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. ക്രിയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പാകത്തിലേക്ക് സൃഷ്ടിപരമായ നിലവാരം ഇവയ്ക്കില്ലെന്ന് ജൂറി അഭിപ്രായപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പരിഗണനയ്ക്ക് വന്നത് അവാര്‍ഡ് നല്കാന് കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതില്‍ അവര്‍ സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
നൂറുകണക്കിന് സിനിമയാണ് കേരളത്തില്‍ പിറക്കുന്നത്. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടിയത് കേരളത്തില്‍ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാന്തരം സിനിമയാണ്, പക്ഷേ എത്രപേര്‍ കണ്ടു. പ്രശ്നം ഗൗരമായി കാണുന്നുണ്ട്. ആളുകള്‍ക്ക് താത്പര്യമുള്ള സിനിമകള്‍ വരണം. എന്നാല്‍, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേടന് പോലും പുരസ്കാരം നൽകിയെന്ന പരാമർശത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
തർക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാൻ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രേംകുമാറിന് അർഹമായ പരിഗണനയാണ് സർക്കാർ നൽകിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാർ എല്ലായ്പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.
ആശ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഞായറാഴ്ച പ്രേംകുമാർ പ്രകടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ജി.സുധാകരനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരനെ നേരിൽ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ട്.
ഞങ്ങൾ നന്ദികെട്ടവരല്ല. അദ്ദേഹത്തെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സമയമാണിത്. സുധാകരന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ചോദിക്കും. ചില കാര്യങ്ങളെല്ലാം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
പാർട്ടിയുടെ നേതൃനിരയിൽ നിന്നുകൊണ്ടുതന്നെ അദ്ദേഹം പ്രവർത്തിക്കും. ജി.സുധാകരൻ പാർട്ടിയിൽ നിന്ന് അകന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്. പ്രതിപക്ഷ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. കോൺഗ്രസിന്റെ സാഹിത്യ സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
സാംസ്കാരിക മേഖലയിൽ നല്ല അറിവുള്ള വ്യക്തിയാണ് അദ്ദേഹം. അതിൽ ഒരുതെറ്റും കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടത്തിയ പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.
Kerala
ആലപ്പുഴ: ജി. സുധാകരൻ തന്റെ നേതാവാണെന്നും താൻ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ. താൻ ഉപദേശിക്കാൻ ആളല്ല. സുധാകരൻ സാർ പറഞ്ഞതാണ് ശരി. സുധാകരൻ സാറിന് എന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പറഞ്ഞു.
സുധാകരൻ പാർട്ടിയുടെ ഭാഗമാണ്. സുധാകരൻ സാർ മുന്നിൽ നിന്ന് പാർട്ടിയെ നയിക്കും. എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മന്ത്രി സജി ചെറിയാനെതിരെ ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നുമായിരുന്നു സുധാകരന്റെ വിമർശനം.
Kerala
പത്തനംതിട്ട: ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ.
ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Kerala
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ മ്യൂസിയം ഈ വർഷംതന്നെ പൂർത്തീകരിക്കാൻ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നു സാംസ്കാരികമന്ത്രി സജി ചെറിയാൻ.
അക്കാദമിയുടെ വിലപിടിപ്പുള്ള ശില്പങ്ങളും സംഗീത ഉപകരണങ്ങളും സംരക്ഷിക്കാനും പഠിതാക്കൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുംവിധവുമായിരിക്കും മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരസമർപ്പണം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വളർച്ചയുടെ പടവുകൾ കയറി മുന്നോട്ടുപോകുന്ന കേരളത്തിന്റെ സാംസ്കാരികമേഖല ലോകത്തെ മുഴുവൻ കലാകാരന്മാരെയും പ്രതിനിധാനംചെയ്തുകൊണ്ട് ഡിസംബർ 18 മുതൽ 20 വരെ കൊച്ചിയിൽ കൾച്ചറൽ കോണ്‍ഗ്രസ് സംഘടിപ്പിക്കും. സാംസ്കാരികമേഖലയിലെ ഇടപെടലുകൾ എങ്ങനെയാകണം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാദമിയുടെ ഫെലോഷിപ്പുകൾ വീണവിദ്വാൻ എ. അനന്തപദ്മനാഭൻ, സേവ്യർ പുൽപ്പാട്ട് (നാടകം), കലാമണ്ഡലം സരസ്വതി (നൃത്തം) എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. 18 പേർക്ക് അക്കാദമി അവാർഡുകളും 22 പേർക്കു ഗുരുപൂജ പുരസ്കാരങ്ങളും നൽകി.
റീജണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർപേഴ്സണ്‍ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ്‍ പി.ആർ. പുഷ്പവതി, സെക്രട്ടറി കരിവെള്ളൂർ മുരളി, നിർവാഹകസമിതി അംഗം ടി.ആർ. അജയൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനു മുന്നോടിയായി അക്കാദമിയുടെ ബുക്ക്സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പുരസ്കാരജേതാക്കളായ കലാകാരന്മാരുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു.
Kerala
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ മ്യൂസിയം ഈ വർഷംതന്നെ പൂർത്തീകരിക്കാൻ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നു സാംസ്കാരികമന്ത്രി സജി ചെറിയാൻ.
അക്കാദമിയുടെ വിലപിടിപ്പുള്ള ശില്പങ്ങളും സംഗീത ഉപകരണങ്ങളും സംരക്ഷിക്കാനും പഠിതാക്കൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുംവിധവുമായിരിക്കും മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരസമർപ്പണം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വളർച്ചയുടെ പടവുകൾ കയറി മുന്നോട്ടുപോകുന്ന കേരളത്തിന്റെ സാംസ്കാരികമേഖല ലോകത്തെ മുഴുവൻ കലാകാരന്മാരെയും പ്രതിനിധാനംചെയ്തുകൊണ്ട് ഡിസംബർ 18 മുതൽ 20 വരെ കൊച്ചിയിൽ കൾച്ചറൽ കോണ്‍ഗ്രസ് സംഘടിപ്പിക്കും. സാംസ്കാരികമേഖലയിലെ ഇടപെടലുകൾ എങ്ങനെയാകണം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാദമിയുടെ ഫെലോഷിപ്പുകൾ വീണവിദ്വാൻ എ. അനന്തപദ്മനാഭൻ, സേവ്യർ പുൽപ്പാട്ട് (നാടകം), കലാമണ്ഡലം സരസ്വതി (നൃത്തം) എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. 18 പേർക്ക് അക്കാദമി അവാർഡുകളും 22 പേർക്കു ഗുരുപൂജ പുരസ്കാരങ്ങളും നൽകി.
റീജണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർപേഴ്സണ്‍ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ്‍ പി.ആർ. പുഷ്പവതി, സെക്രട്ടറി കരിവെള്ളൂർ മുരളി, നിർവാഹകസമിതി അംഗം ടി.ആർ. അജയൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനു മുന്നോടിയായി അക്കാദമിയുടെ ബുക്ക്സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പുരസ്കാരജേതാക്കളായ കലാകാരന്മാരുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു.